ഉണർവ്വിന്റെ വരവ്
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഒരു ചെറിയ പട്ടണമാണ് അരുകുൻ-അതിന്റെ ആദിമനിവാസികൾ ഏഴ് വംശങ്ങളിൽ നിന്നുള്ളവരാണ്. ഒരു നൂറ്റാണ്ട് മുമ്പ് സുവിശേഷം അരൂകൂണിൽ വരുന്നതിന് മുമ്പ്, കണ്ണിന് കണ്ണ് എന്ന പ്രതികാരം അവിടെ നിലനിന്നിരുന്നു. 2015-ൽ, ഉണ്ടായ വംശീയ കലാപത്തിൽ ഒരു കൊലപാതകം നടന്നപ്പോൾ, തിരിച്ചടവിന് കുറ്റവാളിയുടെ കുടുംബത്തിൽ നിന്ന് ആരെങ്കിലും പകരം മരിക്കേണ്ടി വന്നു.
എന്നാൽ 2016-ന്റെ തുടക്കത്തിൽ ശ്രദ്ധേയമായ ചിലത് സംഭവിച്ചു. അരുകുനിലെ ജനങ്ങൾ പ്രാർത്ഥനയിൽ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. പശ്ചാത്താപം ഉണ്ടായി, തുടർന്ന് കൂട്ട സ്നാനങ്ങൾ. ഉണർവ്വ് നഗരത്തെ തൂത്തുവാരാൻ തുടങ്ങി. ആളുകൾ വളരെ ആഹ്ലാദഭരിതരായിരുന്നു, അവർ തെരുവുകളിൽ നൃത്തം ചെയ്തു, തിരിച്ചടവ് നടപ്പിലാക്കുന്നതിനുപകരം, കൊല്ലപ്പെട്ടയാളുടെ കുടുംബം കുറ്റവാളികളായ വംശത്തോട് ക്ഷമിച്ചു. താമസിയാതെ, ഓരോ ഞായറാഴ്ചയും ഏകദേശം 1,000 ആളുകൾ പള്ളിയിൽ വന്നു — വെറും 1,300 പേർ മാത്രമുള്ള ഒരു പട്ടണത്തിൽ!
ജനക്കൂട്ടം സന്തോഷത്തോടെ ദൈവത്തിങ്കലേക്കു മടങ്ങിയ ഹിസ്കീയാവിന്റെ നാളിലും (2 ദിനവൃത്താന്തം 30), ആയിരക്കണക്കിന് പേർ മാനസാന്തരപ്പെട്ട പെന്തക്കോസ്ത് ദിനത്തിലും (പ്രവൃത്തികൾ 2:38-47) ഇതുപോലുള്ള ഉണർവ്വുകൾ നാം തിരുവെഴുത്തുകളിൽ കാണുന്നു. ഉണർവ്വ്, തക്കസമയത്ത് സംഭവിച്ച ദൈവത്തിന്റെ പ്രവൃത്തിയാണെങ്കിലും, അതിനുമുമ്പിൽ പ്രാർത്ഥന ഉണ്ടായിരുന്നുവെന്ന് ചരിത്രം കാണിക്കുന്നു. “എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർഥിച്ച് എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടുതിരിയുമെങ്കിൽ,” ദൈവം സോളമനോട് പറഞ്ഞു, “ഞാൻ സ്വർഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും” (2 ദിനവൃത്താന്തം 7:14).
അറുകുനിലെ ജനങ്ങൾ കണ്ടെത്തിയതുപോലെ, ഉണർവ്വ് ഒരു പട്ടണത്തിന് സന്തോഷവും അനുരഞ്ജനവും നൽകുന്നു. നമ്മുടെ സ്വന്തം നഗരങ്ങൾക്ക് അങ്ങനെ എത്രയോ പരിവർത്തനം ആവശ്യമാണ്! പിതാവേ, ഞങ്ങൾക്കും ഉണർവ് വരുത്തേണമേ.
സാഹസികതയ്ക്കായി നിർമ്മിച്ചത്
അടുത്തകാലത്ത് ഞാൻ ഒരു അത്ഭുതകരമായ കണ്ടെത്തൽ നടത്തി. എന്റെ വീടിനടുത്തുള്ള ഒരു കൂട്ടം മരങ്ങളിലേക്കുള്ള ഒരു മൺപാതയെ പിന്തുടർന്ന്, അവിടെ മറഞ്ഞിരിക്കുന്ന ഒരു കളിസ്ഥലം ഞാൻ കണ്ടെത്തി. കമ്പുകൾ കൊണ്ട് നിർമ്മിച്ച ഒരു ഗോവണി ഭൂപ്രകൃതി ആസ്വദിക്കാനായുള്ള ഒരു സ്ഥലത്തേക്ക് നയിച്ചു, പഴയ കേബിൾ സ്പൂളുകളിൽ നിന്ന് നിർമ്മിച്ച ഊഞ്ഞാൽ മരച്ചില്ലകളിൽ തൂങ്ങിക്കിടക്കുന്നു, കൂടാതെ കൊമ്പുകൾക്കിടയിൽ ഒരു തൂക്കുപാലം പോലും ഉണ്ടായിരുന്നു. ആരോ ഒരു പഴയ മരവും ആ കയറും ഒരു സർഗ്ഗാത്മക സാഹസികതയാക്കി മാറ്റി!
സ്വിസ് ഭിഷഗ്വരൻ പോൾ ടൂർണിയർ വിശ്വസിക്കുന്നത്, നാം ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമ്മൾ സാഹസിതയ്ക്കായി വിളിക്കപ്പെട്ടിരിക്കുന്നു എന്നാണ് (ഉല്പത്തി 1:26-27). ദൈവം ഒരു പ്രപഞ്ചം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതുപോലെ (വാ. 1-25), നന്മതിന്മകളെ തിരഞ്ഞെടുക്കാൻ കഴിയുന്ന മനുഷ്യരെ സൃഷ്ടിക്കുന്നതിനുള്ള വെല്ലുവിളി അവൻ ഏറ്റെടുത്തതുപോലെ (3:5-6), "സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയെ നിറച്ച് അതിനെ അടക്കിവാഴുവാൻ” അവൻ നമ്മെ വിളിച്ചതുപോലെ (1:28), ഭൂമിയെ ഫലവത്തായി ഭരിക്കുവാനും പുതിയ കാര്യങ്ങൾ കണ്ടുപിക്കാനും വെല്ലുവിളികൾ ഏറ്റെടുക്കാനും ഉള്ള ഒരു പ്രേരണ മനുഷ്യരായ നമുക്കുമുണ്ട്. അത്തരം സാഹസങ്ങൾ വലുതോ ചെറുതോ ആകാം, എന്നാൽ അത് മറ്റുള്ളവർക്ക് പ്രയോജനമുള്ള കാര്യങ്ങൾ ആകുമ്പോഴാണ് അവ മികച്ചതാവുന്നത്. ആ കളിസ്ഥലത്തിന്റെ നിർമാതാക്കൾക്ക് ആളുകൾ അത് കണ്ടെത്തി ആസ്വദിക്കുന്നതിൽ നിന്ന് ഒരു ആവേശം ലഭിക്കുമെന്ന് ഞാൻ വാതുവയ്ക്കുന്നു.
അത് പുതിയ സംഗീതം കണ്ടുപിടിക്കുകയോ, സുവിശേഷവൽക്കരണത്തിന്റെ പുതിയ രൂപങ്ങൾ പര്യവേക്ഷണം ചെയ്യുകയോ, അല്ലെങ്കിൽ നഷ്ട്ടപെട്ട ഒരു ദാമ്പത്യത്തെ പുനരുജ്ജീവിപ്പിക്കുകയോ ആകട്ടെ, എല്ലാത്തരം സാഹസികതകളും നമ്മുടെ ഹൃദയമിടിപ്പ് നിലനിർത്തുന്നു. ഏത് പുതിയ വെല്ലുവിളിയാണ് അല്ലെങ്കിൽ പദ്ധതിയാണ് ഇപ്പോൾ നിങ്ങളെ അലട്ടുന്നത്? ഒരുപക്ഷേ ദൈവം നിങ്ങളെ ഒരു പുതിയ സാഹസികതയിലേക്ക് നയിക്കുകയായിരിക്കാം .
നിങ്ങൾ ആരാണ്
ഒരു ദശാബ്ദത്തോളം കുട്ടികളില്ലാതിരുന്നതിനു ശേഷം, 2011 ൽ ഞാനും ഭാര്യയും ഒരു പുതിയ രാജ്യത്ത് ജീവിതം തുടങ്ങാൻ തീരുമാനിച്ചു. ഈ നീക്കം ആവേശകരമായിരുന്നപ്പോൾ തന്നേ, അതിനുവേണ്ടി എനിക്ക് ഒരു പ്രക്ഷേപണ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നു. നഷ്ടബോധം തോന്നിയ ഞാൻ, എന്റെ സുഹൃത്ത് ലിയാമിനോട് ഉപദേശം ചോദിച്ചു.
“ഇനിമേൽ എന്റെ വിളി എന്താണെന്ന് എനിക്കറിയില്ല,’’ ഞാൻ നിരാശയോടെ ലിയാമിനോട് പറഞ്ഞു.
“താങ്കൾ ഇവിടെ സംപ്രേക്ഷണം ചെയ്യുന്നില്ലേ?’’ അവൻ ചോദിച്ചു. ഇല്ല എന്നു ഞാൻ പറഞ്ഞു.
“താങ്കളുടെ വിവാഹജീവിതം എങ്ങനെയുണ്ട്?’’
അവൻ വിഷയം മാറ്റിയതിൽ ആശ്ചര്യപ്പെട്ടെങ്കിലും ഞാനും മെറിനും നന്നായി പോകുന്നുണ്ടെന്ന് ഞാൻ ലിയാമിനോട് പറഞ്ഞു. ഹൃദയത്തകർച്ചയെ ഞങ്ങൾ ഒരുമിച്ച് അഭിമുഖീകരിച്ചു, എങ്കിലും പ്രതിസന്ധി ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.
“പ്രതിബദ്ധതയാണ് സുവിശേഷത്തിന്റെ കാതൽ,’’ അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. “ഓ, നിങ്ങളുടേതുപോലെ പ്രതിബദ്ധതയുള്ള വിവാഹങ്ങളെയാണ് ലോകം കാണേണ്ടത്! താങ്കൾ ചെയ്യുന്ന കാര്യങ്ങൾക്കപ്പുറമായി, നിങ്ങൾ ആരാണെന്നിലൂടെ ചെലുത്തുന്ന സ്വാധീനം എത്രമാത്രമെന്ന് നിങ്ങൾ ഇരുവരും മനസ്സിലാക്കിയിട്ടുണ്ടാവില്ല.’’
കഠിനമായ ജോലി സാഹചര്യം തിമൊഥെയൊസിനെ നിരാശനാക്കിയപ്പോൾ, അപ്പൊസ്തലനായ പൗലൊസ് അവന് പ്രവൃത്തി ലക്ഷ്യങ്ങൾ നൽകിയില്ല. പകരം, അവന്റെ സംസാരം, പെരുമാറ്റം, സ്‌നേഹം, വിശ്വാസം, പരിശുദ്ധി എന്നിവയിലൂടെ ഒരു മാതൃക വെക്കുകയും ഭക്തിയുള്ള ജീവിതം നയിക്കാൻ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു (4:12-13, 15). വിശ്വസ്തതയോടെ ജീവിക്കുന്നതിലൂടെ അവനു മറ്റുള്ളവരെ ഏറ്റവും നന്നായി സ്വാധീനിക്കുവാൻ കഴിയും.
നമ്മുടെ സ്വഭാവമാണ് ഏറ്റവും പ്രധാനം എന്നിരിക്കിലും, നമ്മുടെ തൊഴിൽ വിജയത്തെ അടിസ്ഥാനമാക്കി നമ്മുടെ ജീവിതത്തെ വിലമതിക്കുന്നത് എളുപ്പമാണ്. ഞാൻ അത് മറന്നിരുന്നു. എന്നാൽ സത്യത്തിന്റെ ഒരു വാക്ക്, കൃപയുള്ള പ്രവൃത്തി, പ്രതിജ്ഞാബദ്ധമായ ഒരു വിവാഹത്തിനു പോലും വലിയ മാറ്റം കൊണ്ടുവരാൻ കഴിയും - കാരണം അവയിലൂടെ ദൈവത്തിന്റെ സ്വന്തം നന്മയുടെ ഒരു ഭാഗം ലോകത്തെ സ്പർശിക്കുന്നു.
എന്നോടൊപ്പം നടക്കുക
കുറച്ചു വർഷങ്ങൾക്കു മുമ്പ്, ഒരു സുവിശേഷ ഗായകസംഘം ആലപിച്ച “യേശു എന്നോടൊപ്പം നടക്കുന്നു’’ എന്ന ജനപ്രിയ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ആ വരികൾക്കു പിന്നിൽ ശക്തമായ ഒരു കഥയുണ്ട്.
ജാസ് സംഗീതജ്ഞനായ കർട്ടിസ് ലുണ്ടി കൊക്കെയ്ൻ ആസക്തിക്കുള്ള ചികിത്സാ പരിപാടിയിൽ പ്രവേശിച്ചപ്പോഴാണ് ഗായകസംഘം ആരംഭിച്ചത്. ആസക്തിക്കടിമകളായ മറ്റുള്ളവരെ ഒരുമിച്ചു കൂട്ടി ഒരു പഴയ ഗാനത്തിൽ പ്രചോദനം ഉൾക്കൊണ്ട്, പുനരധിവാസത്തിലുള്ളവർക്ക് പ്രത്യാശയുടെ ഒരു ഗാനമായി അദ്ദേഹം ആ കോറസ് എഴുതി. “ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിനായി പാടുകയായിരുന്നു,’’ ഒരു ഗായകസംഘാംഗം പാട്ടിനെക്കുറിച്ച് പറയുന്നു. “ഞങ്ങളെ രക്ഷിക്കാനും മയക്കുമരുന്നിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കാനും ഞങ്ങൾ യേശുവിനോട് ആവശ്യപ്പെടുകയായിരുന്നു.’’ താൻ പാട്ട് പാടിയപ്പോൾ തന്റെ അതികഠിനമായ വേദന ശമിച്ചതായി ഒരുവൾ സാക്ഷ്യപ്പെടുത്തി. ആ ഗായകസംഘം ഒരു കടലാസിലെ വാക്കുകൾ പാടുക മാത്രമായിരുന്നില്ല, വീണ്ടെടുപ്പിനായി ആശയറ്റവരുടെ പ്രാർത്ഥനകൾ അർപ്പിക്കുകയായിരുന്നു.
ഇന്നത്തെ വായനയ്ക്കുള്ള തിരുവെഴുത്ത്, അവരുടെ അനുഭവത്തെ നന്നായി വിവരിക്കുന്നു. ക്രിസ്തുവിൽ നമ്മുടെ ദൈവം, എല്ലാ മനുഷ്യർക്കും രക്ഷ നൽകുവാൻ അവതരിച്ചിരിക്കുന്നു (തീത്തൊസ് 2:11). നിത്യജീവൻ ഈ ദാനത്തിന്റെ ഭാഗമായിരിക്കുമ്പോൾ തന്നേ (വാ. 13), ആത്മനിയന്ത്രണം വീണ്ടെടുക്കാനും ലൗകിക ആസക്തികളോട് ഇല്ല എന്നു പറയാനും നമ്മെ ശക്തരാക്കിക്കൊണ്ട് അവനോടൊപ്പമുള്ള ജീവിതത്തിനായി നമ്മെ വീണ്ടെടുക്കാനും ദൈവം ഇപ്പോൾ നമ്മിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു (വാ. 12, 14). ഗായകസംഘത്തിലെ അംഗങ്ങൾ കണ്ടെത്തിയതുപോലെ, യേശു നമ്മുടെ പാപങ്ങൾ ക്ഷമിക്കുക മാത്രമല്ല, വിനാശകരമായ ജീവിതശൈലിയിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു.
യേശു എന്നോടൊപ്പം നടക്കുന്നു. നിങ്ങളോടൊപ്പവും. സഹായത്തിനായി അവനോടു നിലവിളിക്കുന്ന ഏതൊരാൾക്കൊപ്പവും. ഭാവിയെക്കുറിച്ചും ഇപ്പോൾ രക്ഷയെക്കുറിച്ചും പ്രത്യാശ നൽകിക്കൊണ്ട് അവിടുന്നു നമ്മോടൊപ്പമുണ്ട്.
സഹോദരനു സഹോദരി
ഞാൻ അവളോട് സ്വകാര്യമായി സംസാരിക്കുമോ എന്ന് ഒരു നേതാവ് ചോദിച്ചപ്പോൾ, റിട്രീറ്റ് സെന്ററിലെ കൗൺസിലിംഗ് റൂമിൽ ചുവന്ന കണ്ണുകളും നനഞ്ഞ കവിളുമായി കാരെനെ ഞാൻ കണ്ടെത്തി. നാൽപ്പത്തിരണ്ട് വയസ്സുള്ള, കാരെൻ വിവാഹിതനാകാൻ ആഗ്രഹിച്ചിരുന്നു, ഒരു പുരുഷൻ ഇപ്പോൾ അവളിൽ താൽപ്പര്യം കാണിക്കുന്നു. എന്നാൽ ഈ മനുഷ്യൻ അവളുടെ ബോസ് ആയിരുന്നു - അയാൾക്ക് ഇതിനകം തന്നെ ഒരു ഭാര്യ ഉണ്ടായിരുന്നു.
തന്നെ ക്രൂരമായി കളിയാക്കിയ ഒരു സഹോദരനും വാത്സല്യമില്ലാത്ത പിതാവും ഉള്ളതിനാൽ, താൻ പുരുഷന്മാരുടെ ക്രൂരതതൾക്ക് ഇരയാകുമെന്ന് കാരെൻ നേരത്തെ തന്നെ കണ്ടെത്തി. വിശ്വാസത്തിന്റെ ഒരു നവീകരണം അവൾക്ക് ജീവിക്കാൻ പുതിയ അതിരുകൾ നൽകി, പക്ഷേ അവളുടെ ആഗ്രഹം തുടർന്നു, അവൾക്ക് ലഭിക്കാത്ത സ്‌നേഹത്തിന്റെ ഈ ദസ്ഫുരണം ഒരു വേദനയായിരുന്നു.
സംസാരിച്ചു കഴിഞ്ഞപ്പോൾ ഞാനും കാരെനും തല കുനിച്ചു. ഒരു അസംസ്‌കൃതവും ശക്തവുമായ പ്രാർത്ഥനയിൽ, കാരെൻ തന്റെ പ്രലോഭനം ഏറ്റുപറഞ്ഞു, തന്റെ ബോസിനെ പരിധിക്കപ്പുറത്തുള്ളവനായി പ്രഖ്യാപിച്ചു, തന്റെ ആഗ്രഹങ്ങളെ ദൈവത്തിനു് കൈമാറി, മനസ്സമാധാനത്തോടെ മുറിയിൽ നിന്നു പോയി.
വിശ്വാസത്തിൽ അന്യോന്യം സഹോദരീ സഹോദരന്മാരായി പെരുമാറാനുള്ള പൗലൊസിന്റെ ഉപദേശത്തിന്റെ മഹത്വം ഞാൻ അന്നു തിരിച്ചറിഞ്ഞു (1 തിമൊഥെയൊസ് 5:1-2). ആളുകളെ എങ്ങനെ കാണുന്നു എന്നത് നമ്മൾ അവരുമായി എങ്ങനെ ഇടപഴകുന്നു എന്നതു നിർണ്ണയിക്കുന്നു, ഒപ്പം വസ്തുക്കളായി കാണാനും ലൈംഗികതയോടെ വീക്ഷിക്കാനും വേഗത കാണിക്കുന്ന ഒരു ലോകത്ത്, എതിർലിംഗക്കാരെ കുടുംബാംഗമായി കാണുന്നത് അവരോട് ശ്രദ്ധയോടും ഔചിത്യത്തോടും കൂടെ പെരുമാറാൻ നമ്മെ സഹായിക്കുന്നു. ആരോഗ്യകരമായ ബന്ധം പുലർത്തുന്ന സഹോദരീസഹോദരന്മാർ പരസ്പരം ദുരുപയോഗം ചെയ്യുകയോ നളിപ്പിക്കുകയോ ചെയ്യുന്നില്ല.
തന്നെ അപമാനിക്കുകയും ഉപയോഗിക്കുകയും അവഗണിക്കുകയും ചെയ്യുന്ന പുരുഷന്മാരെ മാത്രമേ അറിയൂ എന്നതിനാൽ, കാരെന് സഹോദരിക്കു സഹോദരനോടെന്നപോലെ സംസാരിക്കാൻ ഒരാളെ ആവശ്യമായിരുന്നു. സുവിശേഷത്തിന്റെ സൗന്ദര്യം, അത് നൽകുന്നു എന്നതാണ്-ജീവിതത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ നമ്മെ സഹായിക്കുന്ന പുതിയ സഹോദരങ്ങളെ നൽകുന്നു.
കഥ അവസാനിച്ചിട്ടില്ല
ലൈൻ ഓഫ് ഡ്യൂട്ടി എന്ന ബ്രിട്ടീഷ് ഡ്രാമ അവസാനിച്ചപ്പോൾ, സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടം എങ്ങനെ അവസാനിക്കുന്നു എന്ന് കാണാനുള്ള കാഴ്ചക്കാരുടെ എണ്ണം റെക്കോർഡ് സൃഷ്ടിച്ചു. ആത്യന്തികമായി തിന്മ ജയിക്കുന്നു എന്ന ധ്വനി കാരണം അനേകരും നിരാശയോടെയാണ് മടങ്ങിയത്. "ആ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരുമെന്നാണ് ഞാൻ കരുതിയത്"- ഒരു ആരാധകൻ പറഞ്ഞു. "അങ്ങനെയൊരു ധാർമ്മികമായ അവസാനമാണ് വേണ്ടത്."
സാമൂഹ്യശാസ്ത്രജ്ഞനായ പീറ്റർ ബെർഗർ ഒരിക്കൽ പറഞ്ഞു, നാം പ്രത്യാശക്കും നീതിക്കും വേണ്ടി വിശക്കുന്നവരാണ്- തിന്മയെ ഒരു നാൾ ജയിക്കുമെന്നും അതിന് ഉത്തരവാദികൾ ശിക്ഷിക്കപ്പെടും എന്ന പ്രത്യാശ. ദുഷ്ടന്മാരായവർ ജയിക്കുന്ന ലോകം,ലോകത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷക്ക് വിപരീതമാണ്. എല്ലാം ശരിയായി നടക്കുന്ന ഒരു ലോകത്തിനായുള്ള മനുഷ്യരാശിയുടെ അദമ്യമായ ആഗ്രഹം അറിയാതെ തന്നെ പ്രകടിപ്പിക്കുകയായിരുന്നു ആ നാടകത്തിന്റെ നിരാശിതരായ ആരാധകർ.
കർത്താവിന്റെ പ്രാർത്ഥനയിൽ യേശു തിന്മയെക്കുറിച്ച് യാഥാർത്ഥ്യബോധം പ്രകടിപ്പിച്ചു. അത് നമുക്കിടയിൽ മാത്രമുള്ള പാപക്ഷമ മാത്രമല്ല (മത്തായി 6:12), വിശാലമായ തലത്തിൽ വിമോചനവും (വാ.13) ആവശ്യപ്പെടുന്നു. ഈ യാഥാർത്ഥ്യബോധം പ്രത്യാശയുമായി ചേർന്ന് നില്ക്കുന്നു. തിന്മക്ക് ഇടമില്ലാത്ത ഒരിടമുണ്ട്-സ്വർഗ്ഗം-ആ സ്വർഗരാജ്യം ഭൂമിയിലേക്ക് വരുന്നു (വാ.10). ഒരു നാൾ ദൈവത്തിന്റെ നീതി നടപ്പിലാകും, അവിടുത്തെ "ധാർമ്മികമായ അന്ത്യം" വരും, നന്മയ്ക്കായ് തിന്മ നീക്കിക്കളയും (വെളിപ്പാട് 21:4).
ജീവിതത്തിൽ തെറ്റ് ചെയ്യുന്നവർ ജയിക്കുകയും നിരാശ നിറയുകയും ചെയ്യുമ്പോൾ ഓർക്കാം - ദൈവത്തിന്റെ ഇഷ്ടം "സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും" ആകുന്നതുവരെ പ്രത്യാശയുണ്ട്; കാരണം, കഥ അവസാനിച്ചിട്ടില്ല.
അഭയം കണ്ടെത്തൽ
ഞാൻ ഭാര്യയും കൂടെ ഒരിക്കൽ കടൽത്തീരത്തുള്ള, കട്ടിയുള്ള ഭിത്തിയും വലിയ ജനലുകളും ഉള്ള, മനോഹരമായ ഒരു പഴയ ഹോട്ടലിൽ താമസിച്ചു. ഒരു സായാഹ്നത്തിൽ ആ ദേശത്തു ഒരു കൊടുങ്കാറ്റ് ഉണ്ടായി, തിരകൾ ഉയർന്നു, കാറ്റ് ജനൽപ്പാളികളെ ഉലച്ചു. എങ്കിലും ഞങ്ങൾക്ക് ഭയം തോന്നിയില്ല.കാരണം അതിന്റെ ഭിത്തികൾ അത്ര ബലമുള്ളതും ഹോട്ടലിന്റെ അടിത്തറ അതിശക്തവുമായിരുന്നു. പുറത്ത് കൊടുങ്കാറ്റ് അലയടിച്ചപ്പോഴും ഞങ്ങളുടെ മുറി ഒരു അഭയസ്ഥാനം ആയിരുന്നു.
സങ്കേതം എന്നത് ദൈവത്തിൽ തന്നെ ആരംഭിക്കുന്ന ബൈബിളിലെ ഒരു പ്രധാന ആശയമാണ്. "നീ എളിയവന് ഒരു ദുർഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും" എന്നാണ് യെശയ്യാവ് ദൈവത്തെപ്പറ്റി പറയുന്നത് (25:24). അതുപോലെ തന്നെ അഭയം എന്നത് ദൈവജനം ആയിത്തീരേണ്ടതും നല്കേണ്ടതുമാണ്, അത് ഇസ്രായേലിന്റെ സങ്കേതനഗരങ്ങളിലൂടെയോ (സംഖ്യ.35:6), ആവശ്യത്തിലിരിക്കുന്ന പരദേശികളോട് ആതിഥ്യം കാണിക്കുന്നതിലൂടെയോ ആകാം (ആവർത്തനം10:19). മാനവികത പ്രതിസന്ധിയിലാകുന്ന ഇന്നത്തെ സാഹചര്യങ്ങളിലും ഈ തത്വങ്ങൾക്ക് നമ്മെ നയിക്കുവാൻ കഴിയും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പ്രതിസന്ധിയിലുള്ളവർക്ക് സുരക്ഷിതത്വത്തിനായി നമ്മുടെ സങ്കേതമായ ദൈവം നമ്മെയും മറ്റു ദൈവജനത്തെയും ഉപയോഗിക്കേണ്ടതിനായി പ്രാർത്ഥിക്കാം.
ഞങ്ങളുടെ ഹോട്ടലിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് രാവിലെ ഇല്ലായിരുന്നു ; കടൽശാന്തമായി, പ്രഭാത സൂര്യൻ ചൂടുപകർന്നു, കടൽക്കാക്കകൾ വെയിലിൽ തിളങ്ങി. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും പലായനം സംഭവിക്കുമ്പോഴും ഒക്കെ മനസ്സിൽ സൂക്ഷിക്കാവുന്ന പ്രതീകമായി ഞാൻ ഈ കാര്യം ഓർക്കാറുണ്ട്. (യെശയ്യാവ് 25:4) നമ്മുടെ ദുർഗമായ ദൈവം സുരക്ഷിതത്വവും ഒരു നല്ല നാളെയും പ്രദാനം ചെയ്യും.
വിവാഹ രൂപകം
ഇരുപത്തിരണ്ടു വർഷം ഒരുമിച്ചു കഴിഞ്ഞശേഷം, മെറിനുമായുള്ള എന്റെ വിവാഹം എങ്ങനെ മുന്നോട്ടുപോകുന്നു എന്നു ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. ഞാനൊരു എഴുത്തുകാരനാണ്; മെറിൻ ഒരു സ്റ്റാറ്റിസ്റ്റിഷ്യനാണ്. ഞാൻ വാക്കുകൾ കൊണ്ടു പ്രവർത്തിക്കുന്നു; അവൾ അക്കങ്ങൾ ഉപയോഗിച്ചുപ്രവർത്തിക്കുന്നു. എനിക്കു സൗന്ദര്യം വേണം; അവൾക്കു പ്രവർത്തനം വേണം. ഞങ്ങൾ വ്യത്യസ്ത ലോകങ്ങളിൽ നിന്നാണു വരുന്നത്.
മെറിൻ അപ്പോയിന്റ്‌മെന്റുകൾക്കു നേരത്തെ എത്തുന്നു; ഞാൻ ഇടയ്ക്കിടെ വൈകും. ഞാൻ മെനുവിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു; അവൾ ഒ േഭക്ഷണം തന്നെ വാങ്ങുന്നു. ഒരു ആർട്ട് ഗാലറിയിൽ ഇരുപത് മിനിറ്റ് കഴിഞ്ഞും, ഞാൻ തുടങ്ങുന്നതേയുണ്ടാകുകയുള്ളു. മെറിൻ ഇതിനകം തന്നെ താഴെയുള്ള കഫേയിൽ ഇരുന്ന് ഞആൻ എപ്പോഴായിരിക്കും വരിക എന്ന് ആശ്ചര്യപ്പെടുകയായിരിക്കും. ക്ഷമ പഠിക്കാൻ ഞങ്ങൾ പരസ്പരം ധാരാളം അവസരങ്ങൾ നൽകുന്നു!
ഞങ്ങൾക്കു പൊതുവായുള്ള കാര്യങ്ങളുണ്ട് - സമാനമായ നർമ്മബോധം, യാത്രയോടുള്ള ഇഷ്ടം, കൂടാതെ ആവശ്യാനുസരണം വിട്ടുവീഴ്ച ചെയ്യാനും തീരുമാനങ്ങൾക്കായി പ്രാർത്ഥിക്കാനും ഞങ്ങളെ സഹായിക്കുന്ന പൊതുവായ വിശ്വാസം. ഈ പങ്കിടപ്പെട്ട അടിത്തറ ഉപയോഗിച്ച്, ഞങ്ങളുടെ വ്യത്യാസങ്ങൾ പോലും ഞങ്ങളുടെ നേട്ടത്തിനായി പ്രവർത്തിക്കുന്നു. വിശ്രമിക്കാൻ പഠിക്കാൻ മെറിൻ എന്നെ സഹായിച്ചിട്ടുണ്ട്, അച്ചടക്കത്തിൽ വളരാൻ ഞാൻ അവളെ സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ വ്യത്യാസങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് ഞങ്ങളെ മികച്ച ആളുകളാക്കി മാറ്റി.
പൗലൊസ് വിവാഹത്തെ സഭയുടെ ഒരു രൂപകമായി ഉപയോഗിക്കുന്നു (എഫെസ്യർ 5:21-33), അതിനു തക്കതായ കാരണവുമുണ്ട്. വിവാഹം പോലെ, സഭ വളരെ വ്യത്യസ്തരായ ആളുകളെ ഒരുമിച്ചു കൊണ്ടുവരുന്നു, അവരോട് താഴ്മവും ക്ഷമയും വളർത്തിയെടുക്കാനും “സ്‌നേഹത്തിൽ അന്യോന്യം പൊറുക്കാനും’’ ആവശ്യപ്പെടുന്നു (4:2). കൂടാതെ, വിവാഹത്തിലെന്നപോലെ, വിശ്വാസത്തിന്റെയും പരസ്പര സേവനത്തിന്റെയും പങ്കിട്ട അടിത്തറ ഒരു സഭയെ ഏകീകൃതവും പക്വതയുള്ളതുമാക്കാൻ സഹായിക്കുന്നു (വാ. 11-13).
ബന്ധങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ വലിയ നിരാശയുണ്ടാക്കും-സഭയിലും വിവാഹത്തിലും. എന്നാൽ നന്നായി കൈകാര്യം ചെയ്താൽ, ക്രിസ്തുവിനെപ്പോലെയാകാൻ നമ്മെ സഹായിക്കുന്നതിലൂടെ
നമ്മുടെ നേട്ടത്തിനായി പ്രവർത്തിക്കാൻ അവയ്ക്കു കഴിയും.
വളരാനായി വിളിക്കപ്പെട്ടിരിക്കുന്നു
കടൽക്കണവ ഒരു വിചിത്ര ജീവിയാണ്. പാറയിലും കക്കയിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവ മൃദുവായതും വെള്ളത്തിൽ ഉലയുന്നതുമായ ഒരു പ്ലാസ്റ്റിക് റ്റ്യൂബ് പോലെയിരിക്കും. ഒഴുക്കുജലത്തിൽ നിന്ന് പോഷകം സ്വീകരിക്കുന്ന ഇവ സജീവമായ ഒരു യൗവ്വനകാലത്തിനു ശേഷം തികച്ചും നിഷ്ക്രിയമായി കഴിയുന്നു.
ഭക്ഷണം കണ്ടെത്തുന്നതിനും ശത്രുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷതേടുന്നതിനും സഹായകരമായി,വാൽമാക്രിക്കുള്ളതു പോലെയുള്ള നട്ടെല്ലും തലയുമായിട്ടാണ് കടൽക്കണവയും ജീവിതം തുടങ്ങുന്നത്. ചെറുപ്പത്തിൽ അവ കടൽ മുഴുവൻ സഞ്ചരിക്കുന്നു. എന്നാൽ പ്രായപൂർത്തിയാകുമ്പോൾ മറ്റെന്തോ സംഭവിക്കുന്നു.സഞ്ചാരവും വളർച്ചയും അവസാനിപ്പിച്ച് പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ഒരു ഭീകരമായ സത്യം, അവ പിന്നീട് സ്വന്തം തലച്ചോറ് ആഹരിച്ച് ജീവിക്കുന്നു എന്നതാണ്.
നട്ടെല്ലില്ല, ചിന്തകളില്ല, ഒഴുക്കിനൊത്ത് പോകുന്നു. കടൽക്കണവയുടെ ഈ ജീവിതം നമുക്കുണ്ടാകരുതെന്നാണ് പത്രോസ് അപ്പസ്തോലൻ പറയുന്നത്. പക്വതയെന്നത് നമ്മെ സംബന്ധിച്ച്, ദൈവത്തിന്റെ ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുക എന്നതാണ് (2 പത്രൊസ് 1:4). നിങ്ങളും ഞാനും വളരുന്നതിനായി വിളിക്കപ്പെട്ടവരാണ് - മാനസികമായി, ക്രിസ്തുവിന്റെ പരിജ്ഞാനത്തിലുള്ള വളർച്ചയിലും (3: 18); ആത്മീയമായി നന്മ, സ്ഥിരത, ഇന്ദ്രിയജയം എന്നിങ്ങനെയുള്ള ഗുണങ്ങളിലും (1:5-7); പ്രായോഗികമായി സ്നേഹം, അതിഥിസത്കാരം, കൃപാവരങ്ങളുടെ ഉപയോഗം എന്നിവയിൽ പുതിയ വഴികൾ കണ്ടെത്തിയും വളരണം (1 പത്രൊസ് 4:7-11). ഇപ്രകാരമുള്ള വളർച്ചയുണ്ടായാൽ നാം " ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കുകയില്ല" (2 പത്രൊസ് 1:8).
വളർച്ചക്കായുള്ള വിളി, എഴുപത് വയസ്സുകാരനും ചെറുപ്പക്കാരനും ഒരുപോലെ ജീവൽ പ്രധാനമാണ്. ദൈവത്തിന്റെ സ്വഭാവം, സമുദ്രം പോലെ വിശാലമാണ്. അതിന്റെ ഏതാനും വാര മാത്രമേ നാം നീന്തിയിട്ടുള്ളൂ. പുതിയ ആത്മീയ സാഹസിക യാത്രകൾ നടത്താം, ദൈവത്തിന്റെ അപാരമായ അഭേദ്യഗുണങ്ങളിലേക്ക്. പഠിക്കുക, ശുശ്രൂഷിക്കുക, ദൗത്യങ്ങൾ ഏറ്റെടുക്കുക: അങ്ങനെ വളരുക.
ദൈവീക ആർദ്രത
ഒരിക്കൽ ഒരു ബിസ്സിനസുകാരൻ അയാൾ കോളേജിൽ പഠിച്ചിരുന്ന കാലത്തെപ്പറ്റി പറയുന്നത് ഞാൻ കേട്ടു, വിഷാദരോഗത്തിന്റെ ആക്രമണത്താൽ പലപ്പോഴും അയാൾ നിസ്സഹായനും നിരാശനും ആയിരുന്നു എന്ന്. ദുഃഖകരമെന്നു പറയട്ടെ, അയാൾ ഇതിനായി ഒരു ഡോക്ടറെ കാണുന്നതിന് പകരം ലൈബ്രറിയിൽ നിന്ന് ആത്മഹത്യയെപ്പറ്റിയുള്ള ഒരു പുസ്തകം വരുത്തി ജീവിതം അവസാനിപ്പിക്കുവാനുള്ള ദിവസം തീരുമാനിക്കുകയായിരുന്നു.
നിസ്സഹായരും നിരാശരുമായവർക്കായി ദൈവം കരുതുന്നു. ബൈബിൾ കഥാപാത്രങ്ങളുടെ ഇരുണ്ട അവസ്ഥയിൽ നാം അവിടുത്തെ ഇടപെടൽ കാണുന്നു. യോനാ മരിക്കാൻ ആഗ്രഹിച്ചപ്പോൾ ദൈവം അവനെ ഒരു രൂപാന്തരത്തിലേക്ക് നയിക്കുന്നു (യോനാ 4:3-10). ഏലിയാവ് തന്റെ ജീവൻ എടുത്തുകൊള്ളുവാൻ ദൈവത്തോട് പറഞ്ഞപ്പോൾ (1 രാജാക്കന്മാർ 19:4), ദൈവം അവനെ ഉന്മേഷവാനാക്കുവാൻ അപ്പവും വെള്ളവും നൽകി (വാ.5-9), അവനോട് മൃദുവായി സംസാരിച്ചു (വാ.11-13), താൻ ചിന്തിച്ചതുപോലെ അവൻ ഏകനല്ല എന്ന് മനസ്സിലാക്കുവാൻ സഹായിച്ചു (വാ.18). ആർദ്രവും പ്രായോഗികവുമായ സഹായത്താൽ ദൈവം നിരാശരായവരെ സമീപിക്കുന്നു.
ആത്മഹത്യയെപ്പറ്റിയുള്ള ആ പുസ്തകം തിരികെ നൽകേണ്ട സമയമായപ്പോൾ ലൈബ്രറി ഒരു കുറിപ്പ് അവനയച്ചു. എന്നാൽ അവർ ശ്രദ്ധിക്കാതെ അവന്റെ മാതാപിതാക്കളുടെ വിലാസത്തിലാണ് ആ കുറിപ്പ് അയച്ചത്. അസ്വസ്ഥതയോടെ അവന്റെ അമ്മ അവനെ വിളിച്ചപ്പോൾ, തന്റെ ആത്മഹത്യാ വരുത്തുമായിരുന്ന വിനാശത്തെപ്പറ്റി അവൻ തിരിച്ചറിഞ്ഞു. ആ വിലാസം മാറിപ്പോയില്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല എന്ന് അവൻ പറഞ്ഞു.
ആ വിദ്യാർത്ഥി ഭാഗ്യം കൊണ്ടോ യാദൃശ്ചികമായോ ആണ് രക്ഷപെട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ ആവശ്യത്തിൽ അപ്പവും വെള്ളവുമായോ, അല്ലെങ്കിൽ ഒരു തെറ്റായ വിലാസമായോ, ഇത്തരത്തിലുള്ള നിഗൂഢമായ ദൈവീക ഇടപെടലുകൾ നമ്മെ രക്ഷിക്കുമ്പോൾ, നാം ദൈവീകമായ ആർദ്രതയാണ് അനുഭവിച്ചത്.